2020, ജൂൺ 25, വ്യാഴാഴ്‌ച

ടീച്ചർക്ക് എന്റെ ചേച്ചിക്ക്,




ചിലർ നമ്മുടെ ജീവിതയാത്രയിലേക്ക്  പെട്ടെന്ന് കടന്നു വരും എന്നിട്ട് നമുക്ക് സ്നേഹിച്ച് കൊതിതീരും മുമ്പ്  അവരുടെ സ്റ്റോപ്പെത്തുമ്പോൾ ഇറങ്ങിപ്പോവും.പിന്നെ ഏതെങ്കിലും ഒരിടത്ത് വച്ച്  ചിലർ  തിരിച്ചു വരും, നമ്മളറിയാതെ.... അങ്ങനെ വന്ന ഒരാൾ- നയന എന്ന എന്റെ ടീച്ചറേച്ചി. 
 
എന്റെ  ഹൈസ്കൂൾ, ഹയർ സെക്കൻഡറി  പഠനകാലത്ത്  എന്നെ  വെറുപ്പിച്ച ഒരു പരിപാടി ആയിരുന്നു  മലയാളം അധ്യാപകരുടെ മാത്രം  ആറാറു മാസം കൂടുമ്പോഴുള്ള സ്ഥലം മാറ്റം! . മറ്റു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ വർഷങ്ങൾ  ഒരേ  വിദ്യാലയത്തിൽ തുടരുമ്പോൾ  ഇവരെ മാത്രം തൃശൂർ പൂരത്തിന്റെ കുടമാറ്റം പോലെ മാറ്റുന്നത് എന്തിനാണ് എന്ന് അന്നത്തെ കാലത്ത് മനസ്സിലായില്ല.
പണ്ടുമുതലേ മലയാളം അധ്യാപകരുടെ കണ്ണിലുണ്ണി  ആയിരുന്ന എനിക്ക് ഈ പരിപാടി കാരണം  അവരെ ആരേയും  അടുത്തറിയാൻ കഴിഞ്ഞില്ല.  പരിചയപ്പെട്ട് വരുമ്പോഴേക്കും അവർ വേറൊരു സ്കൂളിലേക്ക് യാത്രയാവും.പൂരപ്പറമ്പിലെ കളിപ്പാട്ടക്കച്ചവടക്കാരെ പോലെ....

 പത്താംക്ലാസ്   പരിക്രമണം കഴിഞ്ഞു  ശ്യൂന്യാകാശത്തേക്ക് തെറിച്ചു പോവുമായിരുന്ന എന്നെ അനിൽ  സാർ കൊമേഴ്സിന്റെ  ഭ്രമണപഥത്തിലേക്ക് പിടിച്ചിട്ടു.  

ഒരു വർഷം കഴിഞ്ഞ് 2012 ജൂലായ് മാസത്തിൽ  നയന  അന്ന ജേക്കബ് (ഇപ്പോൾ നയന ജിസ്സ്)  പെട്ടെന്ന് മലയാളം പാഠപുസ്തകവും കൊണ്ട് ക്ലാസ് മുറിയിലേക്ക് കയറിയത്. അതൊരു ഒന്നൊന്നര വരവായിരുന്നു!
ടീച്ചർക്ക് എന്റെ ചേച്ചിക്ക്,

സുഖമാണോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ് എല്ലാവരും കൊറോണ വൈറസ് എന്ന വില്ലനെ പേടിച്ച് വീട്ടിലിരിക്കുന്ന കാലത്ത് സേഫല്ലേ എന്ന ചോദ്യം തന്നെയാണ്  നല്ലത്. നമ്മൾ വാട്ട്സ്ആപ്പിൽ കണ്ടപ്പോൾ പറഞ്ഞ പോലെ ഞാൻ അത്ര നല്ല  അവസ്ഥയിൽ അല്ല. ശരീരത്തിനേക്കാൾ പ്രശ്നം മനസ്സിലാണ്. അവ. നീർക്കെട്ടായും തലവേദനയായും പ്രകടിപ്പിക്കുകയാണ്.പക്ഷേ  ടീച്ചർക്ക് വേണ്ടി എഴുതുമ്പോൾ അത്  എനിക്ക് വേണ്ടിക്കൂടിയാണ്
‌സ്വതവേ മലയാളം ഒരു  അലമ്പാനുള്ള ഒരു പിരീഡ് മാത്രമായി കണ്ടിരുന്ന ചിലരെ  വളരെ ഒച്ചയുറപ്പോടെ  അനുസരിപ്പിച്ച അധ്യാപിക എനിക്ക് അന്നൊരത്ഭുതമായിരുന്നു. അതിന്റെ പേരിൽ ക്ലാസിലുള്ള പുറത്താക്കാൻ നോക്കിയപ്പോഴും തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തിയെ ഞാൻ ഇന്നും ഓർക്കുന്നു എനിക്ക് വേണ്ടി രണ്ടു മിനിറ്റിനുള്ളിൽ   കവിതയുടെ പുതുശൈലി ഒരു ലൈവ് കുക്കറി ഷോ ആയി കാട്ടി തന്ന ന്യൂ ജനറേഷൻ കവയിത്രിയെ  വായിക്കാൻ ഇഷ്ടമാണ് ഇന്നും. ഫസ്റ്റ് ഇയർ റിസൽട്ട് വന്നതിന് ശേഷമുള്ള പിടിഎ മീറ്റിംഗിൽ എന്നെ "നല്ല കിടിലൻ മാർക്കാണല്ലോ,  ഇനിയെന്ത് വേണം?"  എന്ന്  ചോദിച്ച സുഹൃത്തിനെയോർത്ത് നഷ്ടബോധവും തോന്നിയിട്ടുണ്ട്.അതേസമയം ഒരു  ഈഗൊയുമില്ലാതെ സ്വന്തം വിഷയത്തിന്റെ പരീക്ഷ എന്നോടൊപ്പം ഇരുന്നെഴുതിയപ്പോൾ ടീച്ചർ ശരിക്കും എനിക്ക് ചേച്ചിയായത്. എനിക്ക് ഇഫ്ലുവിൽ  കിട്ടാതെ പോയ വാത്സല്യം.
‌ഒഡ്ഡീസിയസ്സിന് പ്രക്ഷുബ്ധസാഗരത്തിൽ അദൃശ്യയാ യി വഴികാട്ടിയ അഥീനയെപ്പോലെ

എനിക്കും കൊതികളുണ്ട്.എന്റെ ബന്ധം ഒരു സിനിമ ആവണമെന്നും. അതിൽ പാർവ്വതി തിരുവോത്ത് ടീച്ചറുടെ വേഷം ചെയ്യണമെന്ന് ഒരു കൊതി . ഇഫ്ലുവിൽ എന്റെ പ്രബന്ധ ഭാരം  ഇറക്കി വച്ച്. മലയാളത്തിലേക്ക് മടങ്ങി വരണം ,പഠിക്കാൻ ആ ക്ലാസ് മുറിയിലേക്ക് കയറുമ്പോൾ  മനസ്സിൽ എന്നെ മലയാളം പഠിപ്പിച്ച മാലാഖയുടെ ചിരിക്കുന്ന മുഖവും, "ഹിഗ്വിറ്റ"യുടെ  ആരവവും ഉണ്ടാവും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ