2020, മേയ് 25, തിങ്കളാഴ്‌ച

പ്രണയം:: ഒരു കാലിഡോസ്കോപ്പ് ദൃശ്യം





(പല പ്രണയങ്ങളും പിടഞ്ഞു തീരുന്നത്  അവസാനത്തെ ആലിംഗനത്തിലാണ് , പക്ഷേ ഞാനതിന്റെ തുടിപ്പ് ആദ്യം അറിയുന്നത് അവളെന്നെ അവസാനം കെട്ടി പിടിച്ചപ്പോഴാണ്. ..)


രണ്ടു  നിമിഷം, 
ഒരു തരിപ്പ്,
ഒരു മഴത്തുള്ളി  വീണു,
ഉള്ളം കവിഞ്ഞു. 
...അവളുടെ  ശ്വാസഗതി എന്റെയുള്ളിൽ
ഹരിമുരളീരവം മീട്ടുന്നുവോ?

..
 ഇരുട്ടിൽ തെളിയുന്ന തിരിയിലവളുടെ മുഖം ; പക്ഷേ ജനാലയിലൂടെ  ഒട്ടുദൂരെ
മഹാഗംഗയിലാരുടേയോ മുടി കത്തുന്ന ഗന്ധം ,മനുഷ്യനെ തീ തിന്നുന്ന വെളിച്ചം!

വലം കൈയിൽ   ചോക്കുമണവും പേറിയവൾ വരുമ്പോൾ ചപ്പാത്തിപ്പരീക്ഷയിൽ
തോറ്റുനിൽക്കുമ്പോൾ ,പിറകിൽ നിന്നും വന്നെന്നെ കെട്ടി പിടിക്കും,  പൊട്ടിച്ചിരിച്ചു കൊണ്ട് ചപ്പാത്തിക്ക് ഗ്രേസ് മാർക്ക് ഇട്ടു പാസാക്കും.



അലസനായി ഞാൻ  സ്റ്റാഫ് മുറിയിൽ
മയങ്ങിയാൽ നോവിച്ചമർക്കുമല്ലോ കാതിൽ ആ കൈ നഖങ്ങൾ!

കൊല്ലപരീക്ഷയിൽ തോറ്റു,കൈത്തണ്ടയിൽ, കഴുത്തിൽ മരണഹാജരടയാളം പേറി പിരിഞ്ഞവരെയോർത്തു
പിറക്കാത്ത   മക്കളെയൊർത്തു കരയുന്ന  നമ്മൾ...

ഇങ്ങനെയെല്ലാം എഴുതിച്ചമച്ചിട്ടും
രണ്ടു നിമിഷം മാത്രമേ ഞാൻ അവളേ പ്രണയിച്ചുപോയുള്ളു
എന്നാൽ ആ  നിമിഷങ്ങളിൽ എപ്പോഴോ അവളെന്നുള്ളിൽ കലർന്നു കടലിലെ  ഉപ്പു പോലെ  ..