2020, ജൂലൈ 4, ശനിയാഴ്‌ച

ഹേമാംബരത്തിലെ അമ്പിളിക്കല

നീണ്ട കാലത്തെ യാത്രയ്ക്ക് ശേഷം വഴിയിൽ ഒരു പാലമരത്തിൽ വിശ്രമിക്കുമ്പോൾ എന്റെ യക്ഷിപ്പെങ്ങൾ ഒരു മരം ഒന്നാകെ കുലുക്കി കുറേ ഞാവൽ പഴങ്ങൾ വീഴ്ത്തി. കഴിച്ചോളൂ അപ്പേട്ടാ! ഇതുമുഴുവൻ കഴിച്ചോളൂ! പക്ഷേ എന്നോട് അനിയത്തിമാരുടെ കഥ പറയണം! "മനുഷ്യർ പരസ്പരം കൂട്ടിച്ചേർത്തു കെട്ടിയ രുദ്രാക്ഷമാലകളാണ്.ആരോടെങ്കിലും സ്വന്തം കഥ ചോദിച്ചാൽ പറയും അറിഞ്ഞുകൂടാന്ന്, ഓർമ്മയില്ല എന്ന്.അതുകൊണ്ട് ആരുടേയും ശരിയായ കഥ എനിക്കറിയില്ല.
"പിന്നെ അപ്പേട്ടൻ പറയാറുണ്ടല്ലോ രക്തരക്ഷസ്സുകളോട് പോലും സ്നേഹം തോന്നി പോവുന്നത് അവരെ ഓർക്കുമ്പോഴാണെന്ന്.എന്നിട്ടെന്താ എന്നോട് പറയാത്തേ? ഞാൻ അവരുടെ ചോര കുടിക്കും എന്ന പേടിയാണോ?"
അല്ല. ഈ പറയുന്ന പെൺകുട്ടികളാരോടും ഞാൻ അവരുടെ കഥ ചോദിച്ചിട്ടില്ല.എനിക്കെപ്പോഴും നുണകൾ മതിയായിരുന്നു,അവരോരുത്തരും എനിക്ക് പേരെടുത്തു വിളിക്കാവുന്ന മിന്നാമിനുങ്ങുകളാണ് പക്ഷേ അവർ ആകാശത്തെ നക്ഷത്രങ്ങളും, കടലിൽ ചിപ്പികളുമാണ്.ഇവയുടെ മുന്നിന്റേയും രഹസ്യങ്ങളാണ് ഭംഗി.അതുകൊണ്ടാണ് ചോദിക്കാത്തത്. അവൾ പിണങ്ങി."വെറുതെ അല്ല മനുഷ്യരുടെ ചോര കുടിച്ചു പോവുന്നത്,നിങ്ങളും നിങ്ങളുടെ കടംകഥകളും!
അപ്പോഴാണ് മാനത്ത് അമ്പിളി വന്നത്.പൂർണ്ണ ചന്ദ്രൻ! അപ്പോൾ അവൾ ചിണുങ്ങി"എന്നാൽ അമ്പിയെപ്പറ്റി ഒരു കെട്ടുകഥ എങ്കിലും പറ..
പറയാം.. ഇന്നവളുടെ ജന്മനക്ഷത്രം ആണ്.
പക്ഷേ നീ ഇടയ്ക്ക് യക്ഷിയാവരുത്
അമ്പിയുടെ അമ്മ ഞങ്ങളുടെ സ്കൂളിലേക്ക് സ്ഥലം മാറി വന്നപ്പോൾ അവളെ കണ്ടതാണ് ഹേമടീച്ചറിന്റ ഒറ്റപ്പുത്രി അമ്പിളിയെ.രണ്ട് വർഷം ഇളയതാണെങ്കിലും ക്ലാസിൽ ആരും അവളെ പേടിപ്പിച്ചിട്ടില്ല,പ്രേമിച്ചിട്ടുമില്ല.അത്രയ്ക്ക് പേടിയായിരുന്നു ഹേമടീച്ചറെ ഞങ്ങൾക്ക്.ആദ്യമൊക്കെ ടീച്ചർ തല്ലിയവരുടെ പ്രാക്കേന്തിയ നോട്ടങ്ങൾ, അവളുടെ സൗന്ദര്യത്തിൽ അസൂയ പൂണ്ട വരുടെ "സുന്ദരിക്കോത"വിളികൾ.ഇങ്ങനെ ആ അമ്പിളിക്കല പലർക്കും അമാവാസിയായി.അന്ന് ആ പിടി പിരിയഡ്അവളുടെ അമ്മയുടെ ശബ്ദം അടുത്ത ക്ലാസ്സിൽ കേട്ട് വീൽചെയറിൽ നിന്ന് നടുങ്ങി താഴെ വീണപ്പോൾ അമ്മയുടെ നിയമങ്ങൾ കാറ്റിൽ പറത്തി
എന്നെ ക്ലാസ് മുറിയിൽ വന്ന് പിടിച്ചെഴുനേൽപ്പിച്ചപ്പോൾ,അവളെനിക്ക് അനുജത്തിയായി. അന്ന് അമ്മയുടെ കയ്യിൽ ചൂരൽ കൊടുത്തു കൈ നീട്ടി നിന്നപ്പോൾ ആ ഫിസിക്സ് ടീച്ചർ പെട്ടെന്ന് അമ്മയായി ഞങ്ങളെ കെട്ടിപ്പിടിച്ചപ്പോൾ . ആ അമ്മയും എന്റേതായി
അതുകഴിഞ്ഞൊരു ദിവസം.., പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് നേരത്തെ പോയ അമ്പിയെ വണ്ടി തട്ടി. പരീക്ഷാ പേപ്പർ തന്ന് ഹേമ ടീച്ചർ എല്ലാരുടേയും മുന്നിൽ വച്ച് ചൂരൽ വടി വലിച്ചെറിഞ്ഞു പറഞ്ഞു "എല്ലാരും ഇനിയെങ്കിലും ഒന്ന് പ്രാർത്ഥിക്കു വോ എന്റെ മോൾ ഒന്നു നടക്കാൻ"എനിക്ക് കൊടുക്കാൻ എന്റെ വൈകുന്നേരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു കാര്യവുമില്ലാതെ ഞാൻ ടീച്ചറുടെ വീട്ടിൽ ട്യൂഷന് പോയത് അവർക്ക് രണ്ടു പേർക്കും വേണ്ടിയാണ്.മനസ്സില്ലാമനസ്സോടെ എനിക്ക് ക്ലാസെടുക്കുമ്പോളും ടീച്ചർ അവളുടെ വിളിക്ക് കാതോർത്ത് ഇരിക്കും.വിളി വന്നാൽ പഠിപ്പൊക്കെ കാട്ടിൽ വിട്ട് അവളുടെ മുറിയിലേക്ക് ഓടും.സ്കൂളിലെ ആരെങ്കിലും എപ്പോഴും കാണാൻ വരും.ചേട്ടൻമാർ അവൾക്ക് വരകളും പൂക്കളും സമ്മാനിച്ചു, ചേച്ചിമാർ അവൾക്ക് മാത്രമായി അടുക്കളയിൽ പലതും ഉണ്ടാകുകയും ചെയ്തു.അങ്ങനെ ആറുമാസം കൊണ്ട് അവൾ എഴുന്നേറ്റു നിന്നു, പിന്നെ നടന്നു, നൃത്തം ചെയ്തു.
എന്നിട്ട്? ഇത് ചോദിക്കുമ്പോൾ യക്ഷിപ്പെങ്ങളുടെ കാലുകൾ നിലത്ത് മുട്ടിയിരുന്നു!
അവൾ ഇപ്പോഴും മുറിയിൽ നൃത്തം ചെയ്യുന്നു.കുട്ടികൾക്ക് പറഞ്ഞും കൊടുക്കുന്നുണ്ടാവാം "കാണണം എന്നില്ലേ?" ഞാൻ എടുത്തുകൊണ്ട് വരട്ടേ?" യക്ഷിപ്പെങ്ങൾ ചോദിച്ചു.
വേണ്ട.അവൾക്ക് നമ്മളെ കാണാൻ നേരമായില്ല.വരട്ടേ തൽക്കാലം നിന്റ കണ്ണിൽ നിന്നിറങ്ങിയ ചോരത്തുള്ളികൾകൊണ്ട് അവളുടെ മുറ്റത്ത് നമുക്ക് ഒരു രക്തപുഷ്പ്പം വിരിയിക്കാം കാറ്റിനോട് പറ! അവൾ യക്ഷിയമ്മയെ പ്രാർത്ഥിച്ചു. കാറ്റിൽ രണ്ടു രക്താശ്രുബീജങ്ങൾ ഒഴുക്കിവിട്ട് ഞങ്ങൾ കൈലാസത്തിലേക്ക് പറന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ