2025, സെപ്റ്റംബർ 28, ഞായറാഴ്‌ച

പഞ്ചരാജ്ഞിമാരുടെ കഥാമണ്ഡപം.

പഞ്ചരാജ്ഞിമാരുടെ കഥാമണ്ഡപം.
 യജ്ഞസേനി, ഹെലൻ,മാക്ക്ബത്ത,ക്ലിയോപാട്ര,സീത
അവർ നാലുപേർ,വിശ്വസാഹിത്യത്തിലേറ്റം പുകഴും,പഴിയും പേറി ചരിത്രത്തിൽ കല്ലിച്ചുപോയ  വനിതകൾ! ചിലർ ഈ നായികമാരെ കല്ലെറിയുന്നു, ചിലർ വാഴ്ത്തി പാടുന്നു.പക്ഷേ കേൾവിക്കാരെ കേൾക്കുവിൻ നിങ്ങൾ പാടിയ, കേട്ട് പഠിച്ച കഥകൾ  ആണിന്റെ നാവുകൊണ്ടുള്ള പൊള്ളയായ പൊയ്പ്പാട്ടായിരുന്നു.അവർക്കൊരിക്കലും അവരുടെ കഥ പറഞ്ഞവസാനിപ്പിക്കാൻ അവർ ഉണ്ടായിരുന്നില്ല.ചരിത്രത്തിൻ്റെയും, മിത്തിന്റേയും, സാഹിത്യത്തിന്റയും ചൊൽക്കെട്ടുകളും കാലലക്ഷ്മണരേഖകളും തരണം ചെയ്ത് കഥനകലയുടെ മണ്ഡപത്തിൽ ഒത്തുകൂടാൻ കഴിഞ്ഞിട്ടില്ല.പക്ഷേ  ഇനിയുള്ള രാത്രിയാമങ്ങൾ  അവരുടേതാണ്, കഥാന്ത്യം തിരുത്താൻ രാജ്ഞിമാരവർ എഴുന്നള്ളുന്നു!

രംഗം ഒന്ന്.
(പെരുമ്പറ മുഴങ്ങുന്നു,യജ്ഞസേനി,ഹെലൻ,മാക്ക്ബത്ത,ക്ലിയോപാട്ര,സീത എന്നിവർ  രംഗപ്രവേശം ചെയ്യുന്നു.യജ്ഞസേനി ചുവന്ന അംഗവസ്ത്രത്തിലും, അഞ്ചു രത്നങ്ങൾ പതിച്ച സ്വവർണ്ണ കിരീടത്തൊടും, രാജ്ഞിയുടേതായ അലങ്കാരങ്ങളോടും കാണപ്പെട്ടു. ഹെലന് ചാരനിറത്തിലുള്ള അംഗവസ്ത്രവും വെള്ളനിറത്തിലുള്ള  ശിരോവസ്ത്രവും ധരിച്ചിരുന്നു.  തോളിൽ ഒരു വില്ലും, ആവനാഴിയും, കൈയിൽ ഒരു ചെറിയ മരക്കുതിരയും മാക്ക്ബത്ത അടിമുടി കറുപ്പണിഞ്ഞിരിക്കുന്നു.അരയിൽ ഒരു വെള്ളിക്കഠാര. സീത,സന്യാസിനീവേഷത്തിൽ  കാണപ്പെട്ടു.  ക്ലിയോപാട്ര  സ്വർണ്ണപ്പട്ടിന്റെ പ്രൗഢിപേറുന്ന അങ്കവസ്ത്രത്തിനും മാണിക്യം പതിച്ച കിരീടത്തിനുമൊ
പ്പം പകയോടെ ചീറ്റുന്ന ഒരു പാമ്പിനേക്കൂടി സാരമായി കഴുത്തിൽ അണിഞ്ഞിരുന്നു)

(ഭൃത്യന്മാർ   പന്തങ്ങളും വിളക്കുകളും തെളിയിച്ചു. രാജ്ഞിമാരുടെ മുഖം കുടുതൽ വെളിവായി. പെരുമ്പറ വീണ്ടും മുഴങ്ങി.)
യജ്ഞസേനി; സ്വാഗതം രാജ്ഞിമാരെ കുരുക്ഷേത്ര ഭൂമിയിലെ ഈ കഥാമണ്ഡപത്തിലേക്ക്! ചരിത്രം നമുക്ക് നിഷേധിച്ച മുഹൂർത്തങ്ങൾ ഒരാൾക്ക് വേണ്ടി മറ്റേയാൾ പറഞ്ഞുനോക്കും മറ്റുള്ളവർ അതാസ്വദിക്കും. കുടിലനായ ശകുനിയുടെ തുടയെല്ലുകൾ കൊണ്ട് വൃകോദരൻ എനിക്കായി നിർമ്മിച്ച പകിടകൾ കൊണ്ട് നമ്മൾ ഇതിഹാസങ്ങൾ  തിരുത്തിയെഴുതും!! സഖിമാരെ പകിടകൾ കൊണ്ടുവരൂ!.


ഒരു ദാസി തളികയുമായി പ്രവേശിക്കുന്നു.യജ്ഞസേനിയെ വണങ്ങി, മണ്ഡപത്തിന്റെ മധ്യത്തിലെ പീഠത്തിൽ വച്ച് യജ്ഞസേനിയെ വണങ്ങി മടങ്ങുന്നു.)
സീതാദേവി: മഹാരാജ്ഞി  കഥപറച്ചിലിന് എന്തീനി പകിടകൾ?  നമ്മുടെ സംസ്കാരത്തിൽ സ്ത്രീകൾക്ക് ചൂത് നിഷിദ്ധമല്ലേ? രാജ്ഞിമാരായ നമ്മൾ നിയമങ്ങൾ  അനുസരിക്കേണ്ടവരല്ലേ?
യജ്ഞസേനി;  (പീഠത്തിനരികിലെത്തി പകിടകൾ  കൈയിൽ എടുത്തു കൊണ്ട്) എല്ലാവരും കേൾക്കുവിൻ! സീതാദേവി പറഞ്ഞത് ഇന്നലെകളുടെ ചിതൽ തിന്ന നിയമങ്ങളാണ്. ഈ മണ്ഡപം ഭൂതഭാവികൾക്ക് അപ്പുറമാണെന്നറിയുക.   എന്നാൽ ഈ പകിടകൾ മാറ്റിമറിക്കാത്തതായി  ഒന്നും തന്നെ ഇല്ല, ധർമ്മപുത്രർ എന്ന പുരുഷോത്തമനായ ഭർത്താവ് എന്നെ പണയം വച്ചത്  ഈ പകിടകൾക്ക് അടിമപ്പെട്ടാണ്.ജ്യേഷ്ഠൻ്റെ  ക്രീഡയെ തടുക്കാൻ ശ്രേഷ്ഠ യോദ്ധാക്കൾ ക്കാർക്കും  നാവ് പൊന്തിയില്ല. ശേഷം ഞാൻ കൗരവരുടെ ദ്യുതസഭയിൽ ദാസിയായി.എന്നെ മുടിയ്ക്ക് പിടിച്ചു ദുശ്ശാസനൻ വലിച്ചിഴച്ചു.എന്റെ  സ്ത്രീത്വം,കുലമഹിമ, പാതിവ്രത്യം, കുലീനത   ഇവയെല്ലാം അന്ന് കീറി എറിയപ്പെട്ടതാണ്.ശേഷം നടന്ന മഹായുദ്ധത്തിൽ എനിക്ക് എന്റെ മക്കളേയും ബന്ധുക്കളേയും  ധർമ്മത്തിന് കുരുതി കഴിച്ചു.യുഗങ്ങൾക്കിപ്പുറവും യുദ്ധങ്ങൾക്ക് അറുതിയുണ്ടോ? സ്ത്രീകളുടെ അശ്രുബിന്ദുക്കളിലിന്നും കരകവിയുന്നു വിശ്വസമുദ്രങ്ങൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ